Monday, July 19, 2010

ഹൃദയരേഖയിലെ മുറിവ്




അലസമായ ഒരു ഞായറാഴ്ച്ചയുടെ നെറുകില്‍
വിസ്ക്കിയുടെ നാലു ലാര്‍ജില്‍ തീര്‍ത്ഥം തളിച്ച്
യാഹൂ മെയിലിന്റെ കെട്ടഴിക്കുമ്പോളാണ്
പ്രണയത്തിന്റെ ആലിലച്ചാര്‍ത്തിലെ ആ
വരികള്‍ കാണുന്നത് .

ഇന്ദു വെഡ്സ് നിഥിന്‍
ജൂലായ്‌ 25 ഞായറാഴ്ച്ച 10.25 നും 11.10 നും
ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വിവാഹിതരാവുന്നു .

ഇന്ദു .....ഓര്‍മ്മയുടെ കുതിരകുളമ്പടികള്‍ ഹൃദയം തകര്‍ത്ത് ഒരു
കുടിപള്ളികൂടത്തിന്റെ മൂന്നാം ക്ലാസ്സിലേക്ക് ഓടികയറുന്നു.
നായകന്‍ ഹോംവര്‍ക്ക്‌ പുസ്തകത്തില്‍ വരച്ചുവെച്ച നായികയുടെ
മുഖം കണ്ട് ശിഷിച്ച കണക്കുമാഷിന്റെ ചൂരല്‍ കഷായത്തിന്റെ
കയ്പ്പ് മാറുന്നത് ,നായികയുടെ കണ്ണില്‍ നിന്നടര്‍ന്നു വീണ രണ്ടു
തുള്ളി കണ്ണീരിന്റെ മാധുര്യത്തിലായിരുന്നു .

കാലം തന്റെ കണക്കുപുസ്തകത്തിന്ടെ ചടുലമാം എടുകള്‍
മറിച്ചുപോയ ഇടവപ്പാതിയിലെ ചന്നം പിന്നം പെയ്യുന്ന മഴയില്‍ ,
ആളൊഴിഞ്ഞ നടപ്പാതയില്‍ വെച്ച് കെഞ്ചി ചോദിച്ച മുത്തം
തന്നു തന്നില്ലായെന്ന് തന്ന് മഴനനഞോടിപ്പോയ കളിക്കൂട്ടുകാരി........
എന്താണിന്നു നിന്റെ മുഖത്തിനിത്ര രക്തചന്ദന ചുവപ്പ് എന്ന്
ചോദിച്ചപ്പോള്‍ നാണത്താല്‍ കൂമ്പിയ മിഴിയുയര്‍ത്താതെ
കാല്‍നഖം കൊണ്ട് പൂഴിയില്‍ കളംവരച്ചു വയസ്സറിയിച്ചവള്‍... .
അവള്‍ .....ഇന്ദു....

ഡിഗ്രിക്ക് ഒരേ കോളേജില്‍ ,ഒരേ ക്ലാസ്സില്‍ കണ്ണില്‍ കണ്ണില്‍
നോക്കി അനുരാഗം പങ്കുവെച്ചപ്പോളും മനസ്സില്‍ ഒരേ ഒരു ചിന്ത
മാത്രം .എത്രയും വേഗം കോഴ്സ് കമ്പ്ലീറ്റ്‌ ചെയ്ത് ഒരു ജോലി
നേടി അവളെ സ്വന്തമാക്കണം .നിഥിന്‍.....നഗരത്തില്‍ വളര്‍ന്ന്
സൌഭാഗ്യങ്ങളുടെ നടുവില്‍ വാഴുന്ന രാജകുമാരന്‍.വളരെ
പെട്ടെന്നാണ് ആത്മമിത്രങ്ങളായത് .ഫീസടക്കാന്‍ വിഷമിച്ചപ്പോള്‍
കാശ് തന്നും ,പട്ടിണി കിടന്ന ഉച്ചകളില്‍ കാന്റീനില്‍ നിന്ന് ചോറ്
വാങ്ങിതന്നും ,നടരാജ സര്‍വീസ് നടത്തികൊണ്ടിരുന്നവനെ ബൈക്കിനു
പിന്നിലെ സഹായാത്രികനാക്കിയതും അവനായിരുന്നു .സ്നേഹത്തിന്റെ
തണല്‍ അവനെന്ന സുഹൃത്തിലൂടെ പൂത്തുലയുകയായിരുന്നു.

പിന്നെയെപ്പോഴാണ് കഥ മാറുന്നത് കൃത്യമായി ഓര്‍മ്മയില്ല .
പിന്നീടാരോ പറഞ്ഞറിഞ്ഞു,അവന്റെ പ്രണയ ലേഖനങ്ങളിലെ
ചോരചുവപ്പില്‍ അവള്‍ കയ്യൊപ്പ് ചാര്‍ത്തിയെന്ന്.ഒരു
നാട്ടിന്‍പുറത്തുക്കാരന്റെ സമ്മാനങ്ങള്‍ ,ഒരു കരിമണി മാലയോ ,
കുപ്പിവളകളൊ പണക്കൊഴുപ്പിന്റെ ശീതളിമയില്‍ കറുത്തിരുണ്ട്
നിറംകെട്ടുപോയി . എല്ലാമറിയാമായിരിന്നിട്ടും അവന്‍ തന്റെ
ആത്മസുഹൃത്ത്‌ തന്നെ............

പിന്നീട് നായകന്‍ കാലഹരണപെട്ട കാമുകന്റെ കുപ്പായമണിയുന്നു.
ഇനി അവന്‍ നായകനല്ല ,വില്ലനോ,സഹനടനോ ,അതുമല്ലെങ്കില്‍
വെറുമൊരു അപ്രധാന കഥാപാത്രമായോ മാറുന്നു .നീണ്ട മൂന്ന്
വര്‍ഷങ്ങള്‍ ,ആളൊഴിഞ്ഞ ക്ലാസ്സ്‌ മുറികളില്‍ ,കാമ്പസ്സിന്റെ വിജനമായ
ഇടനാഴികളില്‍ അവരുടെ പ്രണയകേളികളുടെ ദ്രിക്സാക്ഷിയുടെ രൂപം
മാത്രമായി അവന്‍ ചുരുങ്ങുന്നു .അവസാനം പടിയിറങ്ങുമ്പോള്‍
ഓട്ടോഗ്രാഫിന്റെ ഇരുളടഞ്ഞ കോണില്‍ അലസമായ അവളുടെ
വരികള്‍ .എതോ ഒരു സിനിമയില്‍ ശ്രീനിവാസന്റെ കഥാപാത്രം
പറഞ്ഞപ്പോലെ കാണാന്‍ കൊളളാത്ത അവനെയും സഹോദരന്റെ
കുപ്പായമണിയിച്ച് ബാല്യകാലസഖിയുടെ ഓര്‍മ്മപെടുത്തലുകള്‍.

" വാട്ട്‌ ആര്‍ യു തിങ്കിംഗ് മാന്‍ " ഫിലിപ്പെനി ചുവയുള്ള ആ
ചോദ്യമാണ് ചിന്തകളുടെ കുതിരയോട്ടത്തിന് കടിഞ്ഞാണിട്ടത് .
ഇസബെല്ല....കഴിഞ്ഞ കുറേ മണിക്കൂറുകളുടെ വൃത്തികേടുകള്‍
കഴുകികളഞ്ഞു കുളിച്ച് ശുദ്ധയായി പോകാനൊരുങ്ങി നില്‍ക്കുന്നു.
ചെയ്തുതന്ന സേവനത്തിന്റെ വേതനത്തിനുള്ള തിടുക്കമുണ്ടവളുടെ
മുഖത്ത് .വെച്ചുനീട്ടിയ ഡോളര്‍ പറഞ്ഞുറപ്പിച്ചതില്‍ കൂടുതല്‍
ഉണ്ടെന്നു കണ്ടവള്‍ "സര്‍ ഐ ഹാവ് ആന്‍ അനദര്‍ അപ്പൊയിന്റ്മെന്റ്റ്
ടുഡേ " എന്ന് പറഞ്ഞപ്പോള്‍ ഒന്ന് പോട്ടിച്ചിരിക്കാനാണ് തോന്നിയത് .
ഈ രാത്രി വെളുപ്പിക്കാന്‍ എനിക്കിനി ഒരു ലഹരിയുടെയും
ആവശ്യമില്ലെന്ന് ഇവള്‍ക്കറിയില്ലല്ലോ .

വീണ്ടുമൊരു ലാര്‍ജില്‍ സിഗരറ്റ് പുകയുയര്‍ന്നപ്പോള്‍ മനസ്സ്
വീണ്ടും ഒരേഴുവര്‍ഷം പുറകോട്ടു നടന്നു .ബിരുദ സര്‍ട്ടിഫിക്കറ്റുമായി
ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടം.പട്ടിണിയുടെയും ,
അലച്ചിലിന്റെയും നാളുകള്‍ ,പൈപ്പ്‌ വെള്ളം കുടിച്ച്
റെയില്‍വേ സ്റ്റേഷനിലെ
ബെഞ്ചുകളില്‍ കിടന്നുറങ്ങിയ
രാത്രികള്‍ .ഇതാ ഇപ്പോള്‍ സായിപ്പിന്റെ നാട്ടില്‍ മരം
കോച്ചുന്ന തണുപ്പിലും ഈ എസി മുറിയില്‍ അടര്‍ന്നുവീഴുന്ന എന്റെ
വിയര്‍പ്പുതുള്ളികള്‍ക്ക് ചുവപ്പുനിറമാണ്.ഹൃദയത്തിലെ ആ
മുറിവുണങ്ങാന്‍ ഇനിയെത്ര ഇസബെല്ലമാരുടെ വിയര്‍പ്പ്
ഞാനേറ്റുവാങ്ങണം ???????.

Read more...

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP