Saturday, October 3, 2009

ആരാണ് മലയാളി...?

സദാചാരത്തിന്റെ (കപട ..?) കാവലാളാണ് ഓരോ മലയാളിയും.കുടുംബം,സമൂഹം എന്നീ തടവറകളുടെ മതില്‍കെട്ടിനകത്താണ് അവന്റെ/അവളുടെ ജീവിതം .പക്ഷെ തരംകിട്ടിയാല്‍ ഒളിഞ്ഞുനോക്കാന്‍ /മതിലുചാടാന്‍ യാതൊരു മടിയുമില്ല.അതുകൊണ്ടാവണം പീഡനങ്ങളും,അവിശുദ്ധബന്ധങ്ങളും മാധ്യമങ്ങള്‍ക്ക് ഓരാഘോഷമാകുന്നതും നമ്മളത് വായിച്ച് ആത്മരതിയടയുന്നതും.ഭാര്യയെയും ,സഹോദരിയേയും പര്‍ദയിട്ടു നടത്താന്‍ ആഗ്രഹിക്കുമ്പോഴും അവന്റെ കാമമെരിയുന്ന എക്സ്റേ കണ്ണുകള്‍ വിഷംചീറ്റുന്ന കാളസര്‍പ്പത്തെപ്പോലെ ബസ്സിലും ,റെയില്‍വേസ്റ്റേഷനിലും ,സിനിമ തീയേറ്ററിലും ഇഴഞ്ഞു നടക്കാറുണ്ട് .അതേ മലയാളിയുടെ സദാചാരത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണിവയെല്ലാം.

ഒളിഞ്ഞുനോട്ടമെന്ന കലാരൂപത്തിന്റെ അനന്തസാധ്യതകള്‍ ലോകത്തിനു തുറന്നുകൊടുത്തത് ഒരുപക്ഷേ മലയാളിയാവണം.ആറ്റുവക്കത്തും,തോട്ടിറമ്പിലും കുളിസീന്‍ പിടിക്കുന്നതുമുതല്‍ ,ഉന്നതരുടെ കിടപ്പറരഹസ്യങ്ങള്‍ ദ്രിശ്യമാധ്യമത്തിന്റെ ജാരസന്തതിയായ ഒളിക്യാമറ വെച്ച് ഷൂട്ട്‌ ചെയ്യുന്നതില്‍ വരെ മലയാളിയുടെ വിലപെട്ട സംഭാവനകള്‍ നിരവധിയാണ് .വേലക്കാരിയായാലും,സിനിമ നടിയോ,നടനോ ആയാലും,രാഷ്ട്രിയക്കാരനായാലും അവന്റെ അല്ലെങ്കില്‍ അവളുടെ കുടുംബജീവിതത്തിലേക്ക്,സ്വകാര്യജീവിതത്തിലേക്ക് ഇത്രമേല്‍ ചൂഴ്ന്നു നോക്കുന്ന മറ്റൊരു ജനവിഭാഗം ഉണ്ടോ എന്ന് സംശയമാണ്.ഈ ഒളിഞ്ഞുനോട്ടത്തില്‍നിന്നു ഒരു സ്വയംഭോഗത്തിന്റെ ആത്മനിര്‍വൃതിയാണ്‌ മലയാളി അനുഭവിക്കുന്നതെന്ന് തോന്നുന്നു .

ദുരഭിമാനം (വേണമെങ്കില്‍ ഇതിനെ അഭിമാനം എന്നും വിളിക്കാം ..!) മലയാളിയുടെ കൂടെപിറപ്പാണ്. സ്വന്തം എച്ചില്‍പാത്രം പോലും വൃത്തിയാക്കാന്‍ മടിക്കുന്ന,സ്വന്തം നാട്ടില്‍ വൈറ്റ് കോളര്‍ ജോലി മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന നമ്മള്‍ പുറത്തുപോയാല്‍ സായിപ്പിന്റെയും,അറബിയുടേയും കക്കൂസ് മുതല്‍ അവരുടെ അച്ചിമാരുടെ അടിവസ്ത്രങ്ങള്‍ വരെ കഴുകികൊടുക്കാന്‍ തയ്യാര്‍ .

ദുരഭിമാനം മലയാളിയുടെ കൂടെപിറപ്പാനെങ്കില്‍ പൊങ്ങച്ചം അത് നമ്മുടെ രക്തത്തിലുള്ളതാണ്. അതുകൊണ്ടാവണം കാണം വിറ്റും ഓണം ഉണ്ണണം എന്ന ചോല്ലുപോലും നമുക്കുണ്ടായത് .
അയല്‍ക്കാരന്‍ മുറ്റത്ത്‌ കിണറോന്നു കുത്തിയാല്‍ സ്വന്തം മുറ്റത്ത്‌ മൂന്ന് കിണറെങ്കിലും വട്ടിപലിശക്ക്
കാശെടുത്തു കുത്തും നമ്മള്‍ .അയല്‍ക്കാരിയുടെ വേഷം പാന്റും ടീഷര്‍ട്ടുമാണെങ്കില്‍ നമ്മുടെ ഭാര്യ
ബനിയനും ,ബര്‍മുടക്കും വേണ്ടി വാശിപിടിക്കും.

അറിവിന്റെ കാര്യത്തില്‍ നമ്മളെ കവച്ചുവെക്കാന്‍ മറ്റാരുമില്ല (എല്ലാമറിയാമെന്ന സ്ഥായിയായ മുഖഭാവമില്ലാത്ത ഒരു മലയാളിയെങ്കിലുമുണ്ടോ ഇവിടെ ....?).100% സാക്ഷരതയുടെ നാടാണ്‌ നമ്മുടേത്‌.എന്തിനേയും,എതിനേയും കുറിച്ച് നാം വിദഗ്ദാഭിപ്രായം തട്ടിവിടും .അത് ഉഗാണ്ടയിലെതൊഴിലാളി സമരമായാലും ,എത്യോപിയയിലെ വജ്രഖനികളെക്കുറിച്ചയായാലും.ഇതുകൊണ്ടാവണം രാഷ്ട്രിയയവും,വികസനവും വെറും വാചക കസര്‍ത്തുമാത്രമായി കേരളത്തില്‍ മാറിയത് .

വിമര്‍ശനം അത് മലയാളിയുടെ ഒരു ശീലമാണ് .രാവിലെ എഴുന്നേറ്റ് ആരെയെങ്കിലും നാലു തെറിപറഞ്ഞില്ലെങ്കില്‍ (പറ്റുമെങ്കില്‍ തന്നെക്കാള്‍ കഴിവുള്ള ,ഉയര്‍ന്ന അല്ലെങ്കില്‍ വിജയം വരിച്ച മറ്റു മലയാളികളെ ...!) അന്നത്തെ ദിവസം പോക്കാണ് .അതാണ് നമ്മുടെ ജീവന്‍ ടോണ്‍.ഈ വിമര്‍ശനത്തെ അസൂയയെന്നും ,കണ്ണുകടിയെന്നും ചില അസൂയാലുക്കള്‍ വിശേഷിപ്പിക്കാറുണ്ട്.

ഇതൊക്കെയുണ്ടെങ്കിലും രണ്ടുനേരം (പറ്റുമെങ്കില്‍ മൂന്ന് ..?) കുളിക്കുന്ന ,പുറത്തുപോയാല്‍ (കേരളത്തിന്‌ ) കടിനദ്വാനം ചെയ്യുന്ന, വെല്ലുവിളികള്‍ ധീരമായി നേരിട്ട് വിജയത്തിന്റെ കൊടുമുടികള്‍ കീഴടക്കുന്ന, ആകാശം ഇടിഞ്ഞുവീണാലും ഉള്ളം കൈയ്യില്‍ താങ്ങിനിര്‍ത്തുമെന്ന ചങ്കുറപ്പുള്ള,വേണമെങ്കില്‍ സൂര്യനില്‍ പോലും തട്ടുകടനടത്താന്‍ (ഗ്യാസും ,വിറകുമോന്നും വേണ്ടല്ലോ ...! ) ആത്മവിശ്യാസവും,ധൈര്യവുമുള്ള മലയാളി മറ്റുള്ളവര്‍ക്കെല്ലാം ഒരല്‍ഭുതം തന്നെയാണ് (തന്നേ..തന്നേ ... സത്യം തന്നേ ...!) . അതേ മലയാളിയൊരു പ്രസ്ഥാനമാണ് .ഒരു ഒന്നൊന്നര സംഭവമാണ് ...!.

കുറിപ്പ് :
ഇതുവായിച്ചു എനിക്കെതിരെ വാളെടുക്കുന്നവരോട് .ഗ്രിഹാതുരത്വത്തിന്റെ മാറാല ചുമക്കുന്ന ഒരു മറുനാടന്‍ മലയാളിയോന്നുമല്ല ഞാന്‍ .ജനിച്ചത്‌ മുതല്‍ ഇന്നുവരെ കേരളമെന്ന ദൈവത്തിന്റെ(ചെകുത്താന്റെ എന്നൊക്കെ പറയുന്ന ചിലരുണ്ട് ....പാവം പോഴന്മാര്‍ ...!)സ്വന്തം നാട്ടില്‍ പൂണ്ടുവിളയാടിനടക്കുന്ന ഒരുവനാണ് ഈ ഞാന്‍ .അപ്പോള്‍ അഖിലലോക മലയാളികളെ നിങ്ങളുടെ തെറിവിളി കേള്‍ക്കാനായി ഞാനിതാ എന്റെ കമന്റ്‌ ബോക്സ്‌ ഇന്ത്യയുടെഗോള്‍ പോസ്റ്റുപോലെ തുറന്നുവെച്ചിരിക്കുന്നു ....




21 അഭിപ്രായങ്ങള്‍:

സ്വതന്ത്രന്‍ October 3, 2009 at 9:49 AM  

ഒരു ടിപ്പിക്കല്‍ മലയാളിയുടെ എല്ലാ ശീലങ്ങളും
(നല്ലതും ,ചീത്തയും ) ഉള്ള ഒരു തല്ലുകൊള്ളിയുടെ
ആത്മരോദനം .....ഛെ ...അല്ല്ല ആത്മവിചിന്തനം

hshshshs October 3, 2009 at 10:20 AM  

ദേ...മാഷേ...കാര്യം പറഞ്ഞാൽ ഞാൻ തെറി വിളിക്കില്ല...ങ്ങളു പറഞ്ഞതു അസ്സല് നേരുകളണാണ്.. ആശംസകൾ !!

കണ്ണനുണ്ണി October 3, 2009 at 10:25 AM  

മാഷെ...പറഞ്ഞത് കുറെ ഏറെ സത്യങ്ങള്‍ ഒക്കെ തന്നെ...
പക്ഷെ ഒരു കാര്യോണ്ട്...
ലോകത്തെ എല്ലാ തല്ലുകൊള്ളിതരങ്ങളും ആകെ മൊത്തം പടച്ചു വിടുന്നത് മലയാളികള്‍ ആണെന്ന കാഴ്ചപ്പാട് അത്ര ശരിയല്ല...
അങ്ങനെ പറയാന്‍ മാഷിനു കേരളത്തിന്‌ പുറത്തുള്ള എല്ലാ ജന സമൂഹങ്ങളുടെയും എല്ലാ സ്വഭാവവും കാണാപാഠം ഒന്നും അല്ലല്ലോ... ബ്രിടനിലെയും ഫ്രാന്‍സിലെയും ഒക്കെ സബര്ബ് തെരുവുകളില്‍ കൂടെ ഒന്ന് നടനന്നു നോക്ക് .. എന്നിട്ട് പറയു...

നീര്‍വിളാകന്‍ October 3, 2009 at 11:14 AM  

നിങ്ങള്‍ എന്തു പറയുന്നു എന്ന് താങ്കള്‍ ചോദിക്കുമ്പോള്‍ മറുപടി പറയാതിരിക്കാന്‍ കഴിയില്ലല്ലോ.... താങ്കള്‍ പറഞ്ഞത് 100% ശരിയാണ്.... ഞാനും പരിപൂര്‍ണനായ ഒരു മലയാളിീന്ന നിലയില്‍ ഇത്തരം ചില സദാചാര മേലങ്കികള്‍ മനപ്പൂര്‍വ്വവും, അല്ലാതെയും എടുത്ത് അണിഞ്ഞിട്ടുണ്ട് താനും.... പക്ഷെ ഒരു കാര്യത്തില്‍ വിയോജിപ്പുണ്ട്.... ഈ സധാചാര കുറിപ്പ് മലയാളിക്കു മാത്രം കുത്തകയല്ല..... പല സംസ്ഥാനക്കാരോട്, രാജ്യത്തുള്ളവരോട് അടുത്തീടപെടുന്ന, ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ പറയട്ടെ... ഇതൊരു യൂണിവേഴ്സല്‍ പ്രതിഭാസമാണ്..... മലയാളിക്ക് മലയാളി തന്നെ പക്ഷെ ഇതൊരു ലേബല്‍ ആയി ചാര്‍ത്തി കൊടുത്ത ഒന്നായി തീര്‍ന്നു ഇത്!!!! അതു കൊണ്ട് മല്ലുവിനെ കളിയാക്കാന്‍ എല്ലാ വിഭാഗത്തിനും ഒരു ആയ്ധമായി ഈ വിഷയം!!!

Sinochan October 3, 2009 at 11:15 AM  

കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ലെങ്കിലും കുറച്ചൊക്കെ സത്യങ്ങള്‍ തന്നെ. പിന്നെ ഒളിച്ചു നോട്ടവും മറ്റും ലോകത്തെല്ലായിടത്തും ഉണ്ട്. ഒന്നുമില്ലാതെ ഒരു പെണ്ണിനെ കാണുന്നതിലും രസം ഒരു പക്ഷെ എന്തിന്റെയെങ്കിലും ഇടയിലൂടെ കുറച്ച് അനാവരണം ചെയ്യപ്പെടുന്നതായിരിക്കാം..ഇതൊക്കെ എല്ലായിടത്തും ഉള്ള സംഭവങ്ങല്‍ തന്നെ.

സ്വതന്ത്രന്‍ October 3, 2009 at 11:25 AM  

hshshshs:
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .

കണ്ണനുണ്ണി,നീര്‍വിളാകന്‍ ,വാഴക്കാവരയന്‍...........

ലോകത്തെ എല്ലാ തല്ലുകൊള്ളിതരങ്ങളും ആകെ മൊത്തം പടച്ചു വിടുന്നത് മലയാളികള്‍ ആണെന്ന വിചാരമൊന്നും എന്നിക്കില്ല .
എന്റെ നീരിഷണത്തില്‍ നമ്മള്‍ മലയാളികളില്‍ കണ്ട ചില സ്വഭാവങ്ങള്‍ ഞാന്‍ ഇവിടെ
അവതരിപ്പിച്ചു എന്നെ ഉള്ളു.

ഭായി October 3, 2009 at 1:05 PM  

എന്തു പറയുന്നു എന്നു ചോദിച്ചാല്‍..
കേരളത്തിനകത്തു പല പോക്രിത്തരങളും കാണിക്കും പക്ഷെ..
ഇന്‍ഡ്യ വിട്ടാല്‍ ഇതുപോലൊരു മര്യാദക്കാരന്‍(90%)..എന്താ കാരണം
അകത്താകും വെളി കാണാന്‍ പിന്നെ സമയമെടുക്കും..

മുരളി I Murali Nair October 3, 2009 at 2:16 PM  

മലയാളികളുടെ ഏറ്റവും പ്രധാന പ്രശ്നം തങ്ങള്‍ക്ക് എല്ലാം അറിയാം എന്ന് സ്വയം ധരിച്ചു വച്ചിരിക്കുന്നതാണ്....ഇവിടെ തുപ്പരുത് എന്ന ബോര്‍ഡ്‌ നോക്കി തുപ്പുക..വേണ്ടതിലും വേണ്ടാത്തതിലും കയറി ഇടപെടുക എന്നിങ്ങനെ മലയാളികള്‍ക്ക് മാത്രം ഉള്ള ഒരുപാട് ശീലങ്ങള്‍ ഉണ്ട്...വേസ്റ്റ് ബിന്‍ കണ്ടാല്‍ പോലും റോഡില്‍ മാത്രമേ ചപ്പു ചവറുകള്‍ ഇടാറുള്ളൂ...തിയറ്ററില്‍ വച്ച് പുക വലിചില്ലെന്കില്‍ സിനിമ ആസ്വദിക്കാന്‍ പറ്റാത്തതുപോലെ..ചോദിച്ചാല്‍ നിന്റെ തന്തയുടെ വകയല്ലല്ലോ എന്ന ഉത്തരം.....
എഞ്ചിനീയറെ ഇങ്ങോട്ട് കണ്‍സ്ട്രക്ഷന്‍ പഠിപ്പിക്കുന്ന പണിക്കാര്‍...ഡോക്ടറോട് ഉള്ള മരുന്നുകളുടെ മുഴുവന്‍ പേരുപറഞ്ഞു സ്വന്തം 'അറിവ്' പ്രകടിപ്പിക്കുന്ന രോഗികള്‍.....
ഇതു വലിയ ആളിനെ കുറിച്ച് പറയുമ്പോഴും ആ 'അവനോ' എന്ന് പുച്ചത്തോടെ നോക്കുന്നവര്‍..
ഞാന്‍ കണ്ടിട്ടുണ്ട് ഒരുപാട് പേരെ......നാലാള് കൂടുന്നിടത്തുനിന്നും 'വലിയ വലിയ' കാര്യങ്ങള്‍ വിളമ്പുന്നവര്‍...അവരുടെ വീടുകളില്‍ പോയി നോക്കിയാല്‍ അറിയാം ദയനീയത...എന്നാലും ആരും വിട്ടുകൊടുക്കില്ല...കാരണം അവര്‍ക്ക് ലോകത്തെ എല്ലാ കാര്യങ്ങളും അറിയാം......
ആരെയും അംഗീകരിക്കാറില്ല...
ഇങ്ങനെയുള്ളവരെയൊക്കെ കുറച്ചു കാലം ഗള്‍ഫ്‌ രാജ്യങ്ങളില്‍ കൊണ്ട് വിടണം....തനിയെ പഠിച്ചോളും......അനുസരണ എന്നാല്‍ എന്താണെന്ന്....

Anonymous,  October 3, 2009 at 3:02 PM  

സൂര്യനില്‍ പോലും തട്ടുകടനടത്താന്‍ (ഗ്യാസും ,വിറകുമോന്നും വേണ്ടല്ലോ ...! ) ആത്മവിശ്യാസവും,ധൈര്യവുമുള്ള മലയാളി മറ്റുള്ളവര്‍ക്കെല്ലാം ഒരല്‍ഭുതം തന്നെയാണ്

അത് കലക്കി.....
കേരളം വിട്ടാല്‍ മലയാളികളെ പ്പോലെ പണിയെടുക്കുന്നവര്‍ വേറെ ആരും തന്നെ ഇല്ല...
പണി തരുന്നതും....

സുനില്‍ ‍‍‍പെരുമ്പാവൂര്‍ October 3, 2009 at 5:51 PM  

ആത്മ വിചിന്തനം? .. അതോ ആത്മ പരിശോധനയോ ..?

താരകൻ October 3, 2009 at 7:25 PM  

വിലക്കപെട്ടകനികളിൽ ആർത്തിവക്കുക എന്നത്,വേലികെട്ടുകൾ ചാടികടക്കുക എന്നത് മലയാളിയാലും മാർവാഡിയായാലും ലോകത്തെവിടെയുള്ള മനുഷ്യ സഹജമായസ്വഭാവം തന്നെയല്ലെ..

പാവപ്പെട്ടവൻ October 3, 2009 at 8:26 PM  

ഒളിഞ്ഞുനോട്ടമെന്ന കലാരൂപത്തിന്റെ അനന്തസാധ്യതകള്‍ ലോകത്തിനു തുറന്നുകൊടുത്തത്
ഇതൊരു മലര്‍ന്നുകിടന്നു തുപ്പലാണ്. ഒരു ജനതയെയും ഒരുസംസ്കാരത്തെയും കുറ്റം പറയരുത് .എല്ലാ രാജ്യത്തും എല്ലാസംസ്കാരങ്ങളിലും ചിലയിടത്തെങ്കിലും ഇതൊക്കെ കാണാന്‍ കഴിയും . ബാക്കിയുള്ള എല്ലാ സംസ്കാരങ്ങളും , ജനവിഭാകങ്ങളും കൊള്ളാം സ്വന്തം സത്വം കൊള്ളില്ല എന്ന് പറയുന്നത് ശരിയല്ല . പോരായിമകള്‍ എല്ലാ സംസ്കാരങ്ങളിലുമുണ്ട് . അതൊക്കെ പഠിച്ചൊരു എഴുത്തായിരുന്നു ഈ പൊട്ടത്തരത്തിനെകാള്‍ നല്ലത്.
മനുഷ്യന്‍ എന്ന ജീവിയുടെ വെറും പോരായിമകള്‍ മാത്രം

Areekkodan | അരീക്കോടന്‍ October 4, 2009 at 5:54 PM  

മലയാളികളുടെ എന്ന് പറയുന്നതിലും ഭേദം ചില മനുഷ്യരുടെ എന്നായിരുന്നില്ലേ? കേരളത്തിന് പുറത്ത് മലയാളികള്‍ അല്ലാത്തവരുടെ കൂടെ താമസിക്കാന്‍ കഴിഞാലല്ലേ ഈ ആഭാസങള്‍ , അല്ല പ്രതിഭാസങള്‍ മറ്റുള്ളവരില്‍ ഉണ്ടോ എന്നറിയാന്‍ പറ്റുക.

സ്വതന്ത്രന്‍ October 5, 2009 at 5:34 PM  

സുനില്‍ ഭായി,Murali Nair, കൊച്ചുതെമ്മാടി:
അഭിപ്രായങ്ങള്‍ക്കു നന്ദി .

ശാരദനിലാവ്‌:
ആത്മപരിശോധന തന്നെ ....

താരകൻ:
മനുഷ്യരുടെ ബേസിക് സ്വഭാവങ്ങള്‍ തന്നെ ആണിത് .പക്ഷെ മലയാളികളില്‍
അല്‍പ്പം കൂടുതല്‍ അല്ലെ എന്നാ ചോദ്യം മാത്രം .....

പാവപ്പെട്ടവന്‍ :Areekkodan | അരീക്കോടന്‍:
ഒരു മലയാളി എന്നാ നിലയില്‍ എനിക്ക് എന്നില്‍ അല്ലെങ്കില്‍ ഞാന്‍ ഇടപെടുന്ന
സമൂഹത്തില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞ ചില സംഭവങ്ങള്‍ എഴുതി എന്നെ ഉള്ളു .അല്ലാതെ
നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പടനമോന്നുമല്ല ഇത് .

Anil cheleri kumaran October 5, 2009 at 11:09 PM  

ഈ മലയാളി ഒരു കൊലയാളീ അല്ലേ..!

വീ.കെ.ബാല October 8, 2009 at 6:24 PM  

സ്വതന്ത്രൻ പറയാൻ മറന്നതൊക്കെ ബാക്കി ആൾക്കാർ കമന്റിൽ പറഞ്ഞു........

ഷിബിന്‍ November 18, 2009 at 12:57 AM  

ബംഗാളി കളുമായും പാക്കി സ്ഥാനികളുമായും ഒന്ന് പരിചയപ്പെട്ടു നോക്കൂ... അതോടെ മാറും ഈ അഭിപ്രായം... അവരെയൊന്നും നേരില്‍ കണ്ടിട്ടില്ലല്ലോ... അത് കൊണ്ടാ... മലയാളികള്‍ എത്രയോ ഭേ ധമാണ് മോനെ .... ബംഗാളി വായ നോക്കുന്ന കോലം കണ്ടിട്ടുണ്ടോ... സ്ത്രീകള്‍ക്ക് എവിടെങ്കിലും ചാടി ചാകാന്‍ തോന്നും...

Anonymous,  November 18, 2009 at 7:19 AM  

രാവിലെ എഴുന്നേറ്റ് ആരെയെങ്കിലും നാലു തെറിപറഞ്ഞില്ലെങ്കില്‍ (പറ്റുമെങ്കില്‍ തന്നെക്കാള്‍ കഴിവുള്ള ,ഉയര്‍ന്ന അല്ലെങ്കില്‍ വിജയം വരിച്ച മറ്റു മലയാളികളെ ...!) അന്നത്തെ ദിവസം പോക്കാണ്...

Ithalle thaan oro blog postilum cheyyunnath?

krishnakumar513 December 9, 2009 at 9:35 PM  

നല്ല സത്യസന്ധമായ അഭിപ്രായം

pravasi mallu June 21, 2012 at 6:04 PM  

http://malayalikentha-kombundo.blogspot.com/2012/06/are-you-from-india-no-i-am-from-kerala.html

Post a Comment

ഇതിനെപറ്റി നിങ്ങളെന്തു പറയുന്നു ..............?

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP