Thursday, October 29, 2009

കേരള കഫെ




കേരള കഫെ മലയാളത്തിലെ ,അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ
തന്നെ  വ്യത്യസ്തമായ ഒരു സംരംഭം ആണെന്നാണ്  അതിന്റെ അണിയറ
പ്രവര്‍ത്തകര്‍  പറയുന്നത് .വ്യത്യസ്തത എന്നത്   അത് സംവിധാനം
ചെയ്യുന്നത്  10  സംവിധായകര്‍  ചേര്‍ന്നാണ്‌ എന്നതാണ് .
പക്ഷെ ഇതല്ല സത്യം എന്നെനിക്കു  സിനിമ കണ്ടപ്പോള്‍ മനസ്സിലായി .
ഇത് 10  സംവിധായകര്‍ സംവിധാനം ചെയ്യുന്ന  ഒരു സിനിമയല്ല ,
10 സംവിധായകരുടെ 10  ഡോക്യൂമെന്ററികളാണ് .
ഈ സിനിമയുടെ തീം എന്നത്  "യാത്ര " എന്നതാണ് ,
ഓരോ സംവിധായകരും  ഈ തീം  ബേയിസ്  ചെയ്താണ്
10 മുതല്‍ 12 മിനിറ്റ്  ദൈര്‍ഘ്യമുള്ള  ഓരോ ഡോക്യൂമെന്ററികള്‍ ചെയ്തിട്ടുള്ളത് .


1. നൊസ്റ്റാള്‍ജിയ : പദ്മകുമാര്‍
    അഭിനേതാക്കള്‍ :ദിലീപ് ,നവ്യ നായര്‍ ,.........
    കഥ :
    പ്രവാസി മലയാളികളുടെ  സൊകാള്‍ഡ്‌   ഗ്രിഹാതുരത്വം ,പിന്നെ
    നാട്ടിലെത്തിയാല്‍ നാടിനെക്കുറിച്ചുള്ള  കുറ്റങ്ങളും തന്നെ വിഷയം .
2. ഐലാന്റ്  എക്സ്പ്രസ്സ്‌ : ശങ്കര്‍ രാമകൃഷ്ണന്‍
    അഭിനേതാക്കള്‍: പ്രിഥിരാജ്  ,ജയസൂര്യ ,സുകുമാരി ,...........
    കഥ :
    പെരുമണ്‍ ദുരന്തത്തിന്റെ  ഓര്‍മപെടുത്തലുകള്‍ .
3.ലളിതം ഹിരന്മയം : ഷാജി കൈലാസ്
  അഭിനേതാക്കള്‍ :സുരേഷ് ഗോപി ,ജോതിര്‍മയി ,ധന്യ  മേരി ജോര്‍ജ്
  കഥ :
  ലളിത ,ഹിരന്മായി  എന്നീ  സ്ത്രീകളുമായി  ഒരു പുരുഷന്റെ ബന്ധം .
  ലളിത അയാളുടെ  ഭാര്യയും ,ഹിരന്മായി അയാളുടെ കാമുകിയുമാണ് .
4.മൃത്യഞ്ജയം:ഉദയ്‌ ആനന്ദ്‌ 
  അഭിനേതാക്കള്‍:അനൂപ്‌ മേനോന്‍ ,തിലകന്‍ ,റീമ കല്ലിങ്ങല്‍ .........
  കഥ :
  ഒരു  മാന്ത്രിക കഥ
5.ഹാപ്പി ജേര്‍ണി : അഞ്ജലി മേനോന്‍
  അഭിനേതാക്കള്‍ :ജഗതി ,നിത്യ മേനോന്‍ .....
 കഥ:
  കോഴിക്കൊടേക്കുള്ള ഒരു ബസ്സ്‌ യാത്ര .
6.അവിരാമം: ബി . ഉണ്ണികൃഷ്ണന്‍   
  അഭിനേതാക്കള്‍ :സിദ്ദിക് ,ശ്വേത മേനോന്‍ ,...........
  കഥ :
  ഐ .ടി  ബിസിനസ്‌ നടത്തി പൊളിഞ്ഞു പോയ ഒരാള്‍
  ആത്മഹത്യക്ക്    ശ്രമിക്കുന്നത്.
7.ഓഫ്‌  സീസണ്‍ : ശ്യാമപ്രസാദ്
  അഭിനേതാക്കള്‍ : സുരാജ് വെഞാറമൂട് ,ഒരു സായിപ്പ് ,ഒരു മദാമ,.........
  കഥ :
  കോവളത്തെ ഒരു ടൂറിസ്റ്റ്  ഗൈഡ്  ഒരു പോര്‍ച്ചുഗീസ്  സായിപ്പും ,
  മദാമയുമായി  സൌഹൃതം  സ്ഥാപിക്കുന്നത് .
8.ബ്രിഡ്ജ് : അന്‍വര്‍ റഷീദ്
   അഭിനേതാക്കള്‍ :സലിം കുമാര്‍ ,കല്പന ,.....
   കഥ:
   മകന്‍ പ്രായമായ അമ്മയെ സിനിമ തീയേറ്റരില്‍ ഉപെഷികുന്നതും ,
   ഒരച്ചന്‍ മകന്‍ ജീവനു തുല്യം സ്നേഹിക്കുന്ന പൂച്ച കുട്ടിയെ തെരുവില്‍
   കൊണ്ട് കളയുന്നതും .
9.മകള്‍ : രേവതി
   അഭിനേതാക്കള്‍ :സോനാ നായര്‍ ,ഓഗുസ്ടിന്‍ ,.....
   കഥ :
   കുട്ടിയെ ദത്തെടുത്തു  കൂടിയ തുകക്ക്  മറിച്ചുവിക്കുന്നതാണ്  പ്രമേയം .
10.പുറം കാഴ്ചകള്‍ : ലാല്‍ ജോസ്
     അഭിനേതാക്കള്‍ :മമ്മൂട്ടി ,ശ്രീനിവാസന്‍ ,......
     കഥ :
     പരുക്കനായ ഒരു മനുഷന്റെ ബസ്സ്‌  യാത്രയിലെ  ചില  സംഭവങ്ങള്‍ .
 


ഈ 10 സിനിമയിലെ കഥാപാത്രങ്ങളും  അവസാനം കേരള കഫെ
എന്ന റെയില്‍വേ കാന്റീനില്‍  അവസാനം എത്തിചെരുന്നുണ്ട് .
അതുമാത്രമാണ്  ഇവയെ ബന്ധിപ്പിക്കുന്ന  എക കണ്ണി .


ആകെമൊത്തം :

ഇതില്‍ ഒന്നുപോലും ഒരു സിനിമയുടെ നിലവാരം പുലര്‍ത്തുന്നില്ല .
അതാണ്  ഞാന്‍ ആദ്യം തന്നെ ഇതിനെ  ഡോക്യൂമെന്ററികള്‍
എന്ന്  പറഞ്ഞത് .സുരേഷ് ഗോപിയും ,റീമ കല്ലിങ്ങളും ,
ജോതിര്‍മയിയും  വളരെ നന്നായി ബോറായിട്ട്  അഭിനയിച്ചിട്ടുണ്ട് .
പലരുടെയും  ഡബ്ബിംഗ്  വളരെ  മോശമാണ് .ലളിതം ഹിരന്മയം ,
മ്രിതുന്ജയം,അവിരാമം ഇവ തീരെ നന്നായിട്ടില്ല .പെട്ടെന്ന് തട്ടികൂട്ടി
എടുതതുപോലെ തോന്നുന്നുട്  പലപ്പോളും  പലരുടെയും അഭിനയവും ,
എഡിറ്റിങ്ങും സീരിയല്‍ പോലെ  തോന്നിക്കുന്നു പലയിടങ്ങളിലും .
ചിലത് (അവിരാമം ,ലളിതം ഹിരന്മയം) എന്നിവ വല്ലാതെ ഇഴയുന്നു .

എങ്കിലും ചിലത്  (ബ്രിഡ്ജ് ,നൊസ്റ്റാള്‍ജിയ ,ഹാപ്പി ജേര്‍ണി )
നന്നായിട്ടുണ്ട് .ജഗതി ,നിത്യ മേനോന്‍ ,കല്പന ,ശ്രീനിവാസന്‍
എന്നിവര്‍  അവരുടെ റോളുകള്‍ ഭംഗിയായി  കൈകാര്യം  ചെയ്തിട്ടുണ്ട്  ,
അതുപോലെ ബാക്ക്  ഗ്രൌണ്ട് മുസിക്കും കുഴപ്പമില്ല .

വിധി :
ഇടവിട്ടിടവിട്ട്  തീയേറ്റരില്‍  നിന്നുയര്‍ന്ന കൂക്ക് വിളികളും ,
തോട്ടടിതിരുന്നു ഉറങ്ങുന്നവരുടെ  ഭീമമായ എണ്ണവും
കണക്കിലെടുത്താല്‍ ,എന്ത്  ഭുദ്ധിജീവി നിരൂപണങ്ങള്‍
ഈ സിനിമായെക്കുറിച്ചുവന്നാലും  ഒരാഴ്ചയില്‍  കൂടുതല്‍
ഈ സിനിമ  തീയേറ്റരില്‍  ഉണ്ടാകുന്ന കാര്യം സംശയമാണ് .

കുറിപ്പ് :
പൊതുസ്ഥലങ്ങളില്‍  എല്ലാവരും  മാന്യമായ വസ്ത്രം
ധരിച്ചു പോകുമ്പോള്‍  ഒരാള്‍  നഗ്നനായി  പോകുന്നതിനെ
വ്യത്യസ്തത എന്ന് വിളിക്കുമെങ്കില്‍ , 10  സംവിധായകര്‍
സംവിധാനിച്ച  ഈ സിനിമയും  ഒരു വ്യതസ്തതയാണ് .

Read more...

Thursday, October 22, 2009

ഏയ്‌ഞ്ചല്‍ ജോണ്‍:






സംവിധാനം   :  s.l പുരം ജയസൂര്യ
കഥ                : മനാഫ്‌
ക്യാമറ            : അജയന്‍ വിന്‍സെന്റ്
സംഗീതം        : ഓ‌സേപച്ചന്‍
വിതരണം       :മാക്സ് ലാബ്‌


കഥ :
ജോസേഫിന്റെയും  (ലാലു അലക്സ്‌ ) മേരിയുടെയും  (അംബിക ) ഏക മകനാണ് മറഡോണ(ശന്തനു ).ബി.കോംമിന്  രണ്ടു 
പേപ്പര്‍ തോറ്റത് എഴുതിയെടുക്കാന്‍ കഴ്ട്ടപെടുകയാണ് മറഡോണ  .പഠിത്തത്തില്‍ തീരെ താല്പര്യമില്ലാത്ത ഇയാള്‍
മഹാ അലമ്പനും ,ഉഴപ്പാളിയുമാണ്.ജോസഫ്‌ ഒരു ബാങ്ക് ജോലിക്കാരനാണ് ,ഇവരുടെ ഫ്ലാറ്റില്‍ തന്നെയുള്ള മറ്റൊരു കുടുംബമാണ് സിനിമ സംവിധായകന്‍ ജോസഫ്‌ കുരുവിളയും  (വിജയ രാഘവന്‍ ) , മുടന്തുള്ള മകള്‍ സോഫിയും(നിത്യ ) .
സോഫിയക്ക്  മടഡോനയെ ഇഷ്ടമാണ് ,പക്ഷെ മറഡോണക്ക് മറ്റു കാര്യങ്ങളില്ലാണ് താല്പര്യം .ഇതേ ഫ്ലാറ്റില്‍ തന്നെയുള്ള 
മറ്റൊരു കഥാപാത്രമാണ്  ഖാദര്‍ ഹസ്സന്‍ (ജഗതി ),ദുഷ്കരമായ കാര്യങ്ങള്‍ ചെയ്ത് പേര് നേടുക എന്നുള്ളതാണു ഇയാളുടെ ജീവിതാഭിലാഷം ,അതിനുവേണ്ടി കണ്ണ് കെട്ടി വണ്ടിയോടിക്കുക ,
വെള്ളത്തില്‍ വളരെ സമയം മുങ്ങികിടക്കുക എന്നതൊക്കെയാണ് ഇയാള്‍ ചെയ്യുന്നത്.


പഠിത്തത്തില്‍ തല്പര്യമില്ലാതതുകൊണ്ട് മറഡോണ അമ്മയെ സോപ്പിട്ടു രണ്ടു ലഷം രൂപ മേടിച്ചു ഒരു ഇന്റര്‍നെറ്റ്‌ കഫെ തുടങ്ങുന്നു .ചില കാരണങ്ങളാല്‍ അത് തകരുന്നു .അതുകാരണം എങ്ങനെയെങ്കിലും പണമുണ്ടാക്കാന്‍ വേണ്ടി

വട്ടിപലിശക്കാരനായ രാജനില്‍ (സലിം കുമാര്‍ ) നിന്നും  
പത്തു ലക്ഷം രൂപ വായ്പവാങ്ങി ബ്രൌണ്‍ഷുഗര്‍ കള്ളകടത്തിന്  ഗോവയ്ക്ക് പോകുന്നു .അവിടെ

വച്ച്  എല്ലാം നഷ്ട്ടപെട്ട മറഡോണ നാട്ടിലേക്ക്  വരുന്നു.ഇതിനിടെ രാജന്‍ മറഡോണയുടെ വീട്ടില്‍ വന്നു പ്രശ്നമുണ്ടാക്കുന്നു ,മറഡോണ വീട് പണയം വെച്ചിട്ടാണ്
രാജനില്‍ നിന്നും വായ്പയെടുത്തത് .ഇതറിഞ്ഞ ജോസേഫിനു അറ്റാക്ക്‌ വരുന്നു ,അമ്മയും അയല്‍ക്കാരും മറഡോണയെ വെറുക്കുന്നു .ദുഃഖം സഹിക്കാനാവാതെ മറഡോണ
കടലില്‍ ചാടി മറിക്കാന്‍ തീരുമാനിക്കുന്നു .


അപ്പോള്‍ ഇന്റെര്‍വല്ലിനു നാല് മിനുടു മുന്‍പ് ഏയ്‌ഞ്ചല്‍ ജോണ്‍(മോഹന്‍ലാല്‍ ) മറഡോണക്ക് മുന്‍പില്‍ ഒരു മാലാഖയായി വരുന്നു .ഏയ്‌ഞ്ചല്‍ മറഡോണക്ക് മുന്‍പില്‍
രണ്ടു  വഴികള്‍ പറയുന്നു .
1. നിനക്ക് 66 വയസ്സ് വരെ ആയുസ്സുണ്ട് ,ജീവിതത്തിലെ
എല്ലാ സുഖങ്ങളും ,ദുഖങ്ങളും   അനുഭവിച്ചു നിനക്ക് 
അതുവരെ ജീവിക്കാം .
2. അല്ലെങ്കില്‍ എല്ലാ സുഖങ്ങളും അനുഭവിക്കാം ,അപ്പോള്‍ ആയുസ്സിന്റെ മൂന്നിലൊന്നു മാത്രമെ ഉണ്ടാകുകയുള്ളൂ, 
അതായതു 22 വയസു മാത്രം .അതിനു ശേഷം നീ മരിക്കും .


മറഡോണ രണ്ടാമത്തെ ചോയ്സ് തിരഞ്ഞെടുക്കുന്നു ,ഓരോ ദിവസവും ഒരു വരം വീതംതന്നോടു ചോദിക്കാമെന്നും ,ഒരിക്കല്‍ ചോദിച്ചത് പിന്നീട് ചോദിക്കരുതെന്നും ഏയ്‌ഞ്ചല്‍ മറഡോണയോട്  പറയുന്നു .പിന്നീട് മറഡോണയെ
ഏയ്‌ഞ്ചല്‍ ജീവിതം പഠിപ്പിക്കുന്നു . അതേ അങ്ങനെ മറഡോണയുടെ ജീവിതം ഇവിടെ വഴിമാറുകയാണ് .
അങ്ങനെ മറഡോണ വീട്ടുക്കാര്‍ക്കും,നാട്ടുക്കാര്‍ക്കും പ്രിയങ്കരനാവുന്നു. മറഡോണയുടെ 22 ജന്മദിനദിവസം ഏയ്‌ഞ്ചല്‍ അവനോടു പറയുന്നു ഇന്ന് 12 മണിക്ക്
ഒരു 12  വയസ്സുക്കാരനാല്‍ നീ കൊല്ലപെടും .അതേ ഇനി ക്ലൈമാക്സ്‌ ആണ് മറഡോണ മരിക്കുമോ ഇല്ലയോ എന്ന് ഞാന്‍ പറയുന്നില്ല അത് നിങ്ങള്‍ സിനിമ കണ്ടു മനസ്സിലാക്ക് ......


ആകെമൊത്തം :
ഇന്റര്‍വെല്‍ അടക്കം രണ്ടു മണിക്കൂര്‍ പത്തു മിനിട്ട് ആണ് സിനിമയുടെ ദൈര്‍ഘ്യം.
ഔസേപച്ചന്‍ സംഗീതം നല്‍കിയ രണ്ടു പാട്ടുകള്‍ ,ഒരു യോയോ പാട്ട് ഇന്റെര്‍വല്ലിനു മുന്‍പും ,ഒന്ന് ശേഷവും .മൂന്ന് സങ്കട്ടനങ്ങള്‍ മാഫിയ ശശിയുടെ വക .പാട്ടുകളില്‍ രണ്ടാമത്തേത് അല്‍പ്പം മെച്ചം .സങ്കട്ടനങ്ങള്‍ തീരെ നന്നായിട്ടില്ല .
ആര്‍ക്കും ( മറഡോണക്ക് ഒഴിച്ച് ) കാര്യമായ റോളൊന്നും ഇല്ല .ശന്തനു കുഴപ്പമില്ലാതെ അത് കൈകാര്യം ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു .ചെറിയ വേഷമാണെങ്കിലും
നിത്യ നന്നായി ചെയ്തിട്ടുണ്ട് .ഭാക്കിയെല്ലാം സാദാരണ ഒരു മലയാള സിനിമയില്‍ ഉള്ളത് തന്നെ .ആകെ ഉള്ള  ഒരു പുതുമ മോഹന്‍ലാല്‍ ഏയ്‌ഞ്ചല്‍ ആകുന്നു എന്ന് മാത്രം .അവിടവിടെ കുറച്ചു തമാശകള്‍.


എന്റെ അഭിപ്രായം :


ഒരു സാദാരണ മലയാള പടം ,ബോറടിപ്പികുന്നില്ല ,വളിപ്പ്  തമാശകളും ഇല്ല ,വയലന്‍സുംഇല്ല .ബോക്സ്‌ ഓഫീസില്‍ ഒരു ആവറേജ് ഹിറ്റ്‌ പ്രതീക്ഷിക്കാം ,മറ്റ് അല്ഭുതങ്ങല്‍ക്കൊന്നും വകയില്ല .


ഒരു വാക്ക് കൂടി :
എനിക്ക് തോന്നുന്നു മോഹന്‍ലാലിനു മുന്‍പില്‍ ഇനി രണ്ടു 
വഴിയെ ഉള്ളു എന്ന്  ,
1. നല്ല സിനിമകള്‍ തെരഞ്ഞെടുത്തു അത് മാത്രം ചെയ്യുക .
2. അല്ലെങ്കില്‍ ഫിലോസോഫിയും പറഞ്ഞു അച്ചാറും പൊറോട്ടയും വിറ്റ് ജീവിക്കുക .


ഇതില്‍ ആദ്യം പറഞ്ഞത് ഉടനെയൊന്നും  നടന്നില്ലെങ്കില്‍  രണ്ടാമത്തേത്  തനിയെ നടക്കും .

Read more...

Friday, October 9, 2009

സ്ത്രീജന്മം

സംഭവം രണ്ടു, മൂന്നാഴ്ച്ചക്ക് മുന്‍പാണ് .ടി.വി. ഓണാക്കി ഏഷ്യാനെറ്റ്‌ വെച്ചപ്പോള്‍ സദാചാര മലയാളി സമൂഹം റെഡ് റിബ്ബണ്‍ നോട്ടീസ് പുറപെടുവിച്ചു അടിച്ചു പടിപ്പുരക്കു വെളിയില്‍ തള്ളിയ ഒരു സ്ത്രീയിതാ ലോക മലയാളികളുടെ അഭിമാനമായ ....!!! ഏഷ്യാനെറ്റിന്റെ തിരുമുറ്റത്ത്‌ കസേരയിട്ടിരിക്കുന്നു.അഭിമുഖമായി ലയാളികളുടെ ഒരു പഴയ ഒരു രോമാഞ്ചവുമുണ്ട് കറുത്തമ്മ ....(നടി ഷീല ...) .സംഭവം ഇതാണ് ഏഷ്യനെറ്റില്‍ പുതിയതായി തുടങ്ങിയ moments with sheela  എന്ന പരിപാടിയാണ് .


നളിനി ജമീല എന്ന "സെക്സ് വര്‍ക്കര്‍"(അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്
അങ്ങനെയാണ്) തന്‍റെ ജീവിതത്തെക്കുറിച്ച് ,അവര്‍ കടന്നുവന്ന വഴിയില്‍
നേരിട്ട പൊള്ളുന്ന സത്യങ്ങളെക്കുറിച്ച് ,സമൂഹത്തിന്‍റെ കറുത്ത
മുഖത്തെക്കുറിച്ച്,പുരുഷന്റെ ക്രുരതയെക്കുറിച്ച്,വഞ്ചനയെക്കുറിച്ച് എല്ലാം
ഒരു ഒളിവും മറയുമില്ലാതെ തുറന്നടിക്കുകയാണ്...നളിനി ജമീല
ആരുമായിക്കോട്ടെ പക്ഷെ അവര്‍ പറയുന്ന ചില കാര്യങ്ങളെങ്കിലും
നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല .


നളിനി ജമീലക്ക് ശേഷം സിസ്റ്റര്‍ ജെസ്മി .കത്തോലിക്കാ സഭയുടെ 

പീഡനത്തില്‍ മനം മടുത്തു തിരുവസ്ത്രം അഴിച്ചുവച്ച മഹതി .
സഭയുടെ കടിഞ്ഞാന്‍ ഇന്ന് യേശുവിന്റെ കൈയ്യിലല്ലാ യുദാസിന്റെയും,
കായാഫസിന്റെയും കൈയ്യിലാണെന്ന് സഭയുടെ വിലക്കുകളെയും ,
ഭയപെടുത്തലുകളെയും അവഗണിച്ച് തുറന്നുപറയുന്നു .


കഴിഞ്ഞ ആഴ്ച വിജയകുമാരി എന്നാ സ്ത്രീ തന്റെ  ജീവിതാനുഭവങ്ങള്‍

പ്രേഷകരുമായി പങ്കുവയ്ക്കുന്നു.സ്വന്തം അച്ഛനില്‍ നിന്നും
തനിക്കേല്‍ക്കേണ്ടിവന്ന ലൈംഗിഗ പീടനത്തെക്കുറിച്ചും,അവസാനം തനിക്കു സ്വന്തം അച്ഛനെ കൊല്ലാന്‍വേണ്ടി വാക്കത്തി എടുക്കേണ്ടിവന്ന 
അവസ്ഥയെക്കുറിച്ചും പറഞ്ഞു കണ്ണ് നിറക്കുന്നു.


അതേ ഇതൊരു ഓര്‍മപെടുത്തലാണ്..., പട്ടിയെ കുളിപ്പിക്കാത്തതിനു ഭര്‍ത്താവിനെ ചീത്ത പറയുന്ന കൊച്ചമ്മമാരും ,മട്ടനും ,പോര്‍ക്കും ,പ്രോണ്‍സും,കെന്റക്കി ചിക്കനും തിന്നു മദം മുറ്റിനിക്കുന്ന അപ്പര്‍ ക്ലാസ്സ്‌ ബഫൂന്നുകളും മാത്രമല്ല നമ്മള്‍ ജീവിക്കുന്ന ഈ സമൂഹത്തില്‍ ഇങ്ങനെയും ചില സ്ത്രീകള്‍  ഇവിടെ ഉണ്ട് അവരോടു നമ്മള്‍ ചെയ്തത് ഇതെല്ലാമാണ് എന്നാ ചില ഓര്‍മപെടുത്തലുകള്‍ .....

Read more...

Tuesday, October 6, 2009

കാമം

എനിക്ക് കാമമായിരുന്നു നിന്നോടും,
അവളോടും പിന്നെ മറ്റവളു‌മാരോടും 
കാമമൊരു പ്രണയമാണ് 
കാമമില്ലാതൊരു പ്രണയവുമില്ല


വണ്ടിനു പൂവിനോടുള്ള പ്രണയം 
മധു നുകരാനുള്ള കാമമാണ്‌ 
അതുതന്നെയാണ് എനിക്ക് 
നിന്നോടുള്ള പ്രണയവും 


കാമം വിശപ്പും ,ദാഹവുമാണ്
ഒരാനയെ തിന്നാലും തീരാത്ത വിശപ്പും 
ഒരു ആറുകുടിച്ചു വറ്റിച്ചാലും  
കടലിനുവേണ്ടിയുള്ള അടങ്ങാത്ത ദാഹവും 


പക്ഷെ നീയെന്നെ നിന്റെ ഹൃദയച്ചരടില്‍ 
കൊരുത്തിടാന്‍ ശ്രമിച്ചു 
നിനക്കറിയില്ലെ ഒരു പൂവിന്റെ മാത്രം 
സ്വന്തമല്ല ഒരു വണ്ടും ,അതുപോലെയാണ് ഞാനും


നിന്റെ മാംസളതയില്‍ മാത്രം 
എന്റെ വിശപ്പടങ്ങിയിരുന്നില്ല 
അതിനാല്‍ ഒരു രാത്രിഞ്ചരനെപ്പോലെ
എനിക്ക് ഇരതേടി നടക്കേണ്ടിവന്നു 


തെറ്റുപറ്റിയത്‌ നിനക്കാണ്, എന്റെ 
കാമത്തെ നീ പ്രണയമായി തെറ്റിദ്ധരിച്ചു
പക്ഷെ എനിക്കിപ്പോളും നിന്നോട് പ്രണയമാണ് 
നിന്റെ യൌവനം പൂത്തുലഞ്ഞു നിക്കുന്നിടത്തോളം 





Read more...

Saturday, October 3, 2009

ആരാണ് മലയാളി...?

സദാചാരത്തിന്റെ (കപട ..?) കാവലാളാണ് ഓരോ മലയാളിയും.കുടുംബം,സമൂഹം എന്നീ തടവറകളുടെ മതില്‍കെട്ടിനകത്താണ് അവന്റെ/അവളുടെ ജീവിതം .പക്ഷെ തരംകിട്ടിയാല്‍ ഒളിഞ്ഞുനോക്കാന്‍ /മതിലുചാടാന്‍ യാതൊരു മടിയുമില്ല.അതുകൊണ്ടാവണം പീഡനങ്ങളും,അവിശുദ്ധബന്ധങ്ങളും മാധ്യമങ്ങള്‍ക്ക് ഓരാഘോഷമാകുന്നതും നമ്മളത് വായിച്ച് ആത്മരതിയടയുന്നതും.ഭാര്യയെയും ,സഹോദരിയേയും പര്‍ദയിട്ടു നടത്താന്‍ ആഗ്രഹിക്കുമ്പോഴും അവന്റെ കാമമെരിയുന്ന എക്സ്റേ കണ്ണുകള്‍ വിഷംചീറ്റുന്ന കാളസര്‍പ്പത്തെപ്പോലെ ബസ്സിലും ,റെയില്‍വേസ്റ്റേഷനിലും ,സിനിമ തീയേറ്ററിലും ഇഴഞ്ഞു നടക്കാറുണ്ട് .അതേ മലയാളിയുടെ സദാചാരത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണിവയെല്ലാം.

ഒളിഞ്ഞുനോട്ടമെന്ന കലാരൂപത്തിന്റെ അനന്തസാധ്യതകള്‍ ലോകത്തിനു തുറന്നുകൊടുത്തത് ഒരുപക്ഷേ മലയാളിയാവണം.ആറ്റുവക്കത്തും,തോട്ടിറമ്പിലും കുളിസീന്‍ പിടിക്കുന്നതുമുതല്‍ ,ഉന്നതരുടെ കിടപ്പറരഹസ്യങ്ങള്‍ ദ്രിശ്യമാധ്യമത്തിന്റെ ജാരസന്തതിയായ ഒളിക്യാമറ വെച്ച് ഷൂട്ട്‌ ചെയ്യുന്നതില്‍ വരെ മലയാളിയുടെ വിലപെട്ട സംഭാവനകള്‍ നിരവധിയാണ് .വേലക്കാരിയായാലും,സിനിമ നടിയോ,നടനോ ആയാലും,രാഷ്ട്രിയക്കാരനായാലും അവന്റെ അല്ലെങ്കില്‍ അവളുടെ കുടുംബജീവിതത്തിലേക്ക്,സ്വകാര്യജീവിതത്തിലേക്ക് ഇത്രമേല്‍ ചൂഴ്ന്നു നോക്കുന്ന മറ്റൊരു ജനവിഭാഗം ഉണ്ടോ എന്ന് സംശയമാണ്.ഈ ഒളിഞ്ഞുനോട്ടത്തില്‍നിന്നു ഒരു സ്വയംഭോഗത്തിന്റെ ആത്മനിര്‍വൃതിയാണ്‌ മലയാളി അനുഭവിക്കുന്നതെന്ന് തോന്നുന്നു .

ദുരഭിമാനം (വേണമെങ്കില്‍ ഇതിനെ അഭിമാനം എന്നും വിളിക്കാം ..!) മലയാളിയുടെ കൂടെപിറപ്പാണ്. സ്വന്തം എച്ചില്‍പാത്രം പോലും വൃത്തിയാക്കാന്‍ മടിക്കുന്ന,സ്വന്തം നാട്ടില്‍ വൈറ്റ് കോളര്‍ ജോലി മാത്രം ചെയ്യാന്‍ ആഗ്രഹിക്കുന്ന നമ്മള്‍ പുറത്തുപോയാല്‍ സായിപ്പിന്റെയും,അറബിയുടേയും കക്കൂസ് മുതല്‍ അവരുടെ അച്ചിമാരുടെ അടിവസ്ത്രങ്ങള്‍ വരെ കഴുകികൊടുക്കാന്‍ തയ്യാര്‍ .

ദുരഭിമാനം മലയാളിയുടെ കൂടെപിറപ്പാനെങ്കില്‍ പൊങ്ങച്ചം അത് നമ്മുടെ രക്തത്തിലുള്ളതാണ്. അതുകൊണ്ടാവണം കാണം വിറ്റും ഓണം ഉണ്ണണം എന്ന ചോല്ലുപോലും നമുക്കുണ്ടായത് .
അയല്‍ക്കാരന്‍ മുറ്റത്ത്‌ കിണറോന്നു കുത്തിയാല്‍ സ്വന്തം മുറ്റത്ത്‌ മൂന്ന് കിണറെങ്കിലും വട്ടിപലിശക്ക്
കാശെടുത്തു കുത്തും നമ്മള്‍ .അയല്‍ക്കാരിയുടെ വേഷം പാന്റും ടീഷര്‍ട്ടുമാണെങ്കില്‍ നമ്മുടെ ഭാര്യ
ബനിയനും ,ബര്‍മുടക്കും വേണ്ടി വാശിപിടിക്കും.

അറിവിന്റെ കാര്യത്തില്‍ നമ്മളെ കവച്ചുവെക്കാന്‍ മറ്റാരുമില്ല (എല്ലാമറിയാമെന്ന സ്ഥായിയായ മുഖഭാവമില്ലാത്ത ഒരു മലയാളിയെങ്കിലുമുണ്ടോ ഇവിടെ ....?).100% സാക്ഷരതയുടെ നാടാണ്‌ നമ്മുടേത്‌.എന്തിനേയും,എതിനേയും കുറിച്ച് നാം വിദഗ്ദാഭിപ്രായം തട്ടിവിടും .അത് ഉഗാണ്ടയിലെതൊഴിലാളി സമരമായാലും ,എത്യോപിയയിലെ വജ്രഖനികളെക്കുറിച്ചയായാലും.ഇതുകൊണ്ടാവണം രാഷ്ട്രിയയവും,വികസനവും വെറും വാചക കസര്‍ത്തുമാത്രമായി കേരളത്തില്‍ മാറിയത് .

വിമര്‍ശനം അത് മലയാളിയുടെ ഒരു ശീലമാണ് .രാവിലെ എഴുന്നേറ്റ് ആരെയെങ്കിലും നാലു തെറിപറഞ്ഞില്ലെങ്കില്‍ (പറ്റുമെങ്കില്‍ തന്നെക്കാള്‍ കഴിവുള്ള ,ഉയര്‍ന്ന അല്ലെങ്കില്‍ വിജയം വരിച്ച മറ്റു മലയാളികളെ ...!) അന്നത്തെ ദിവസം പോക്കാണ് .അതാണ് നമ്മുടെ ജീവന്‍ ടോണ്‍.ഈ വിമര്‍ശനത്തെ അസൂയയെന്നും ,കണ്ണുകടിയെന്നും ചില അസൂയാലുക്കള്‍ വിശേഷിപ്പിക്കാറുണ്ട്.

ഇതൊക്കെയുണ്ടെങ്കിലും രണ്ടുനേരം (പറ്റുമെങ്കില്‍ മൂന്ന് ..?) കുളിക്കുന്ന ,പുറത്തുപോയാല്‍ (കേരളത്തിന്‌ ) കടിനദ്വാനം ചെയ്യുന്ന, വെല്ലുവിളികള്‍ ധീരമായി നേരിട്ട് വിജയത്തിന്റെ കൊടുമുടികള്‍ കീഴടക്കുന്ന, ആകാശം ഇടിഞ്ഞുവീണാലും ഉള്ളം കൈയ്യില്‍ താങ്ങിനിര്‍ത്തുമെന്ന ചങ്കുറപ്പുള്ള,വേണമെങ്കില്‍ സൂര്യനില്‍ പോലും തട്ടുകടനടത്താന്‍ (ഗ്യാസും ,വിറകുമോന്നും വേണ്ടല്ലോ ...! ) ആത്മവിശ്യാസവും,ധൈര്യവുമുള്ള മലയാളി മറ്റുള്ളവര്‍ക്കെല്ലാം ഒരല്‍ഭുതം തന്നെയാണ് (തന്നേ..തന്നേ ... സത്യം തന്നേ ...!) . അതേ മലയാളിയൊരു പ്രസ്ഥാനമാണ് .ഒരു ഒന്നൊന്നര സംഭവമാണ് ...!.

കുറിപ്പ് :
ഇതുവായിച്ചു എനിക്കെതിരെ വാളെടുക്കുന്നവരോട് .ഗ്രിഹാതുരത്വത്തിന്റെ മാറാല ചുമക്കുന്ന ഒരു മറുനാടന്‍ മലയാളിയോന്നുമല്ല ഞാന്‍ .ജനിച്ചത്‌ മുതല്‍ ഇന്നുവരെ കേരളമെന്ന ദൈവത്തിന്റെ(ചെകുത്താന്റെ എന്നൊക്കെ പറയുന്ന ചിലരുണ്ട് ....പാവം പോഴന്മാര്‍ ...!)സ്വന്തം നാട്ടില്‍ പൂണ്ടുവിളയാടിനടക്കുന്ന ഒരുവനാണ് ഈ ഞാന്‍ .അപ്പോള്‍ അഖിലലോക മലയാളികളെ നിങ്ങളുടെ തെറിവിളി കേള്‍ക്കാനായി ഞാനിതാ എന്റെ കമന്റ്‌ ബോക്സ്‌ ഇന്ത്യയുടെഗോള്‍ പോസ്റ്റുപോലെ തുറന്നുവെച്ചിരിക്കുന്നു ....




Read more...

  © All Rights Reserved by സ്വതന്ത്രന്‍at swathathran.blogspot.com 2009

Back to TOP